ജ്ഞാനേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രാധാന്യം ഏതിനാണ്?
കണ്ണിനാണെന്നതിനും കാഴ്ചയുടെ സ്വാധീനശക്തിയെക്കുറിച്ചും മറിച്ചൊരു അഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. കാഴ്ചയില്‍, സൗന്ദര്യത്തില്‍ നാം മുഗ്ധരാകുന്നു.

മജീദ് മജീദി സംവിധാനം ചെയ്ത 'ദ കളര്‍ ഓഫ് പാരഡൈസ്' (1999) മുഹമ്മദ് എന്ന അന്ധബാലന്റെ കഥയാണ്. ലളിതമായ സൂചനകളിലൂടെ ഋജുവായാണ് സംവിധായകന്‍ കഥ പറയുന്നത്.

ഗ്രാമത്തിലെ വീട്ടില്‍ നിന്നും വളരെ അകലെ ടെഹ്‌റാനിലുള്ള അന്ധവിദ്യാലയത്തിലാണ് അവന്‍ പഠിക്കുന്നത്. വേനലവധിക്ക് സ്‌കൂള്‍ അടയ്ക്കുമ്പോഴാണ് സിനിമ തുടങ്ങുന്നത്. എല്ലാ കുട്ടികളെയും കൂട്ടിക്കൊണ്ടു പോകാന്‍ രക്ഷിതാക്കളെത്തുമ്പോഴും മുഹമ്മദിന്റെ അച്ഛന്‍ മാത്രം എത്തുന്നില്ല. അച്ഛനെ കാത്തിരിക്കുന്നതിനിടയില്‍, കൂട്ടില്‍ നിന്നും താഴെ വീണു പോയ പക്ഷിക്കുഞ്ഞിനെ ഒരു പൂച്ചയില്‍ നിന്നും രക്ഷപ്പെടുത്തി വളരെ ശ്രമപ്പെട്ട് മരത്തിനു മുകളിലെ കൂട്ടിലേക്കാക്കിക്കൊടുക്കുന്ന മുഹമ്മദിനെ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. ഒടുവില്‍ അച്ഛന്‍ എത്തുന്നു. എങ്കിലും അയാള്‍ അവനെ അവധിക്കാലത്ത് സ്‌കൂളില്‍ത്തന്നെ നിര്‍ത്താനാകുമോ എന്നാണ് അന്വേഷിക്കുന്നത്. അധികൃതര്‍ അനുവദിക്കാത്തതുകൊണ്ട് അയാള്‍ മുഹമ്മദിനെയും കൂട്ടി ഗ്രാമത്തിലേക്ക്.
തന്റെ ഗ്രാമത്തിന്റെ പരിചിതമായ പ്രകൃതി മുഹമ്മദിനെ ആഹ്ലാദചിത്തനാക്കുന്നു. അവിടെ അവനെ കാത്തിരിക്കുന്ന രണ്ട് സഹോദരിമാരും അവനേറെ പ്രിയപ്പെട്ട ഗ്രാനി (മുത്തശ്ശി)യുമുണ്ട്. കുട്ടികള്‍ മുഖ്യകഥാപാത്രങ്ങളായ ചിത്രങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പഥേര്‍ പാഞ്ചാലിയിലെ പിഷിയെപ്പോലുള്ള വൃദ്ധകഥാപാത്രങ്ങളെ അവതരിപ്പിച്ചു കാണാറുണ്ട്. ഈ മുത്തശ്ശിയെയും നമുക്ക് ഇഷ്ടപ്പെടും. ഒട്ടൊരു ധാരാളിത്തത്തോടെയുള്ള പശ്ചാത്തല-ദൃശ്യസൗന്ദര്യം മുഹമ്മദിന്റെ നഷ്ടം (കാഴ്ച) കൂടുതല്‍ അനുഭവിപ്പിക്കുന്നു.

മുഹമ്മദിന്റെ അച്ഛന്‍ മറ്റൊരു വിവാഹം ചെയ്യാനൊരുങ്ങുകയാണ്. (മുഹമ്മദിന്റെ അമ്മ ജീവിച്ചിരിപ്പില്ല) വിവാഹം ഉറപ്പിക്കാന്‍ ചെല്ലുമ്പോള്‍ അയാള്‍ തന്റെ പെണ്‍മക്കളെയും അമ്മയെയും പറ്റി മാത്രം സൂചിപ്പിക്കുന്നതില്‍ നിന്നും, മുഹമ്മദ് ആ പുതിയ ബന്ധത്തില്‍ ഒരധികപ്പറ്റാവും എന്ന് വ്യക്തമാകുന്നുണ്ട്. തുടര്‍ന്ന് അയാള്‍ അന്ധനായ ഒരാശാരിയുടെ അടുക്കല്‍ അവനെ ജോലി പഠിക്കാന്‍ ഏല്‍പ്പിച്ചു പോന്നതില്‍പ്പിന്നെ ആ വേദനയില്‍ വൃദ്ധ മരണപ്പെടുകയും പിന്നാലെ അയാളുടെ നിശ്ചയിച്ച വിവാഹം മുടങ്ങുകയും ചെയ്യുന്നു. മുഹമ്മദിനെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരാന്‍ നിശ്ചയിക്കുന്നു. സിനിമ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ വിധിയുടെ(?) ശരിതെറ്റുകളെക്കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടാതിരിക്കാനാവില്ല.